തിരുവനന്തപുരം: മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി
135 പുതിയ വാർഡുകൾ
സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും കൂടി.
പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയിൽ 76 ഉം, തൃശൂരിൽ 56 ഉം, കോഴിക്കോട് 76 ഉം, കണ്ണൂരിൽ 56 ഉം വാർഡുകളുണ്ടാകും.
87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർദ്ധിക്കും.
2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം , കൂടിയത് 53 വാർഡുകളുമുണ്ടാകും. കോർപ്പറേഷനുകളിൽ അവ യഥാക്രമം 56 ഉം 101 ഉം ആണ്. സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
ത്രിതലപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആകെ 19950 വാർഡുകളാണ് ത്രിതലപഞ്ചായത്തുകളിൽ ഉണ്ടാകുക.
ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്.
The number of municipality and corporation wards has been increased.